ആലുവ : (piravomnews.in) കനത്ത മഴയിൽ എടത്തല പഞ്ചായത്ത് കൈലാസ് നഗറിൽ കുന്ന് ഇടിഞ്ഞ് വീടിനുമുകളിലേക്ക് വീണു. കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കുമാണ് കുന്ന് ഇടിഞ്ഞത്.
കട്ടിലിൽ കിടന്നുറങ്ങിയിരുന്ന വീട്ടുടമ തിരുവല്ലം കത്താംപുറം പാലത്തുംപറമ്പിൽ ലൈജു (45) ശബ്ദംകേട്ട് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.ശനി പകൽ 2.30നാണ് സംഭവം. 14 അടി ഉയരമുള്ള കുന്നാണ് ഇടിഞ്ഞുവീണത്. കിടപ്പുമുറി പൂർണമായും അടുക്കള ഭാഗികമായും തകർന്നു. ലൈജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഭാര്യ ജോലിക്കും മകൾ ബന്ധുവിന്റെ വീട്ടിലും പോയിരുന്നു. നിർമാണത്തൊഴിലാളിയായ ലൈജു ഉച്ചവരെ ജോലി ചെയ്തശേഷം തിരികെയെത്തി ഭക്ഷണം കഴിച്ച് കട്ടിലിൽ കിടക്കുമ്പോഴാണ് സംഭവം.കുന്നിടിഞ്ഞ ശക്തിയിൽ പൊളിഞ്ഞുപോയ ഭിത്തി ലൈജു കിടന്ന കട്ടിലിൽ ഇടിച്ചാണ് നിന്നത്. വലിയ ശബ്ദത്തോടെയാണ് കുന്ന് ഇടിഞ്ഞുവീണത്.ഉടൻ ലൈജു ഓടിമാറി.
എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി, വാർഡ് അംഗം എംഎ അജീഷ്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ തേവയ്ക്കൽ മാക്കാപ്പള്ളി ഷീനാ ഷാജി, കൈലാസ് നഗർ കറുകപ്പിള്ളി വീട്ടിൽ കല, മഠത്തിമുകൾ സതി പൊന്നപ്പൻ എന്നിവരുടെ കുടുംബങ്ങളോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ നിർദേശം നൽകി.
Hill collapses and falls on top of house; homeowner barely escapes
